ന്യൂഡല്‍ഹി: പുനര്‍വിവാഹത്തിന് നിര്‍ബന്ധിച്ചതിന് അമ്മയെ മകള്‍ തലക്കടിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയിലെ ഹാരി നഗറിലാണ് ഈ ദാരുണ സംഭവം നടന്നത്. പവര്‍ ഡിസ്കോമില്‍ അസിസ്റ്റന്റ് പേഴ്സണല്‍ ഓഫീസറായ നീരു ബാഗ്ഗയാണ് അമ്മയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്.
വിവാഹ മോചിതയായ നീരു ബാഗ്ഗ അമ്മ സന്തോഷ് ഭാഗ്ഗയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് അമ്മ നിരന്തരം നീരു ബാഗ്ഗയെ കുറ്റപ്പെടുത്താറുണ്ടായിരുന്നു. ശനിയാഴ്ച്ചയും ഇരുവരും തമ്മില്‍ ഇതിന്റെ പേരില്‍ വഴക്കിട്ടിരുന്നു. തുടര്‍ന്ന് സഹിക്കെട്ട് നീരു ബാഗ്ഗ ഇരുമ്പ് ദണ്ഡ് കൊണ്ട് അമ്മയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്തു.
ഇതിനു ശേഷം നീരു ബാഗ്ഗയെ തലയ്ക്ക് മുറിവേറ്റ നിലയില്‍ പോലീസ് മായാപുരിയിലെ ഖസാന് ബാസ്തിയില്‍ വെച്ച് കണ്ടെത്തി. പരിക്കിനെ പറ്റി പോലീസ് ചോദിച്ചപ്പോഴാണ് അമ്മയെ തലക്കടിച്ച സംഭവത്തെ കുറിച്ച് പറഞ്ഞത്. തുടര്‍ന്ന് പോലീസ് നീരുവുമായി വീട്ടില്‍ എത്തിയപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മ സന്തോഷ് ഭാഗ്ഗയുടെ മൃതദേഹമാണ്. ഇരുമ്പുദണ്ഡുകൊണ്ടുള്ള അടിയില്‍ തലപൊട്ടി ചോരവാര്‍ന്നാണ് അവര്‍ മരിച്ചത്. സംഭവത്തില്‍ നീരുവിനെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.