ഗാസിയാബാദ്: നല്ല രീതിയില്‍ പ്രവര്‍ത്തിച്ച് വരുന്ന കംപ്യൂട്ടര്‍ സ്ഥാപനം കുറഞ്ഞ വിലയ്ക്ക് നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് നിയമ വിദ്യാര്‍ത്ഥിയെ വീട്ടുടമ കൊന്ന് സ്വന്തം വീട്ടില്‍ തന്നെ കുഴിച്ചു മൂടി. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് ഈ ദാരുണ സംഭവം നടന്നത്. നിയമ വിദ്യാര്‍ത്ഥിയായ പങ്കജ് സിങിനെയാണ് മുന്‍ വീട്ടുടമയായ ഹരിഓം കൊലപ്പെടുത്തിയത്.
നല്ല രീതിയില്‍ നടത്തിക്കൊണ്ടിരുന്ന കംപ്യൂട്ടര്‍ സ്ഥാപനം കുറഞ്ഞ വിലയ്ക്ക് തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുന്‍ വീട്ടുടമയായ ഹരിഓം നിയമ വിദ്യാര്‍ത്ഥിയായ പങ്കജ് സിങിനെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ ആണ് അടുത്തിടെ പങ്കജ് സാഹിബാബാദിലെ ഗിരിധര്‍ എന്‍ക്ലേവിലേക്ക് താമസം മാറിയത്. ഒക്ടോബര്‍ ഒമ്പതാം തീയ്യതി മുതല്‍ പങ്കജിനെ കാണ്മാനില്ലായിരുന്നു. ആദ്യ വീട്ടുടമയായ ഹരിഓംമിന്റെ നാലുകുട്ടികള്‍ക്ക് അടക്കം നിരവധി കുട്ടികള്‍ക്ക് ഇയാള്‍ ട്യൂഷന് എടുത്തിരുന്നു. എന്നാല്‍ ഒമ്പതാം തീയ്യതി ക്ലാസിന്റെ സമയമായിട്ടും പങ്കജിനെ കാണാതെ വന്നതോടെയാണ് സഹോദരന് പോലീസില്‍ വിവരം അറിയിച്ചത്.
ഹരിഓം കംപ്യൂട്ടര്‍ സ്ഥാപനം തനിക്ക് വില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പങ്കജിനെ ശല്യപ്പെടുത്തിയത് അടക്കം സഹോദരന് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് സംശയം തോന്നിയ പോലീസ് ഹരിഓമിന്റെ വീട്ടില്‍ എത്തിയപ്പോഴാണ് വീടിന്റെ തറയില്‍ മാത്രം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇതില്‍ സംശയം തോന്നിയ പോലീസ് തറ വിശദമായി പരിശോധിച്ചപ്പോഴാണ് പങ്കജിന്റെ മൃതദേഹം തറയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്ത് ഞെരിച്ചാണ് ഇയാള്‍ പങ്കജിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം പോലീസ് എത്തുന്ന വിവരം അറിഞ്ഞ് ഒളിവില്‍ പോയ ഹരിഓമിനും കുടുംബത്തിനും വേണ്ടിയുള്ള തെരച്ചില്‍ പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.