കൊല്‍ക്കത്ത: പ്രണയത്തിന്റെ പേരില്‍ നടന്ന പല കൊലപാതക വാര്‍ത്തകളും നമ്മള് കേള്‍ക്കാറുണ്ട്. പ്രണയം നിരസിച്ചതിന്റെ പേരില്‍ കാമുകന് കാമുകിയെ കൊലപ്പെടുത്തുന്ന വാര്‍ത്തകളൊക്കെ നമ്മള് ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന് തടസം നിന്ന അമ്മയെ പെണ്മക്കള് കൊലപ്പെടുത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പശ്ചിമ ബംഗാളിലെ ജിയാഗഞ്ചിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നിരിക്കുന്നത്. റായ്ഗഞ്ചിലെ പുര്‍ബ പ്രൈമറി സ്കൂളിലെ ഹെഡ്മിസ്ട്രസ് ആയ കല്പന ദെ സര്‍ക്കാരാണ് ഇത്തരത്തില്‍ കൊല ചെയ്യപ്പെട്ടത്. ഇവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മക്കളായ ശ്രേയ (18), റിഥിക (19) എന്നിവരെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, ഒക്ടോബര്‍ ഏഴിനാണ് അന്പത്തിമൂന്നുകാരിയായ കല്പനയെ കാണാതാവുന്നത്. എന്നാല്‍ ഇവരുടെ മക്കള്‍ ആരും തന്നെ അമ്മയെ കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്കാന് തയ്യാറായിരുന്നില്ല. എന്നാല്‍ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസ് എത്തി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അമ്മാവന്റെ വീട്ടില്‍ പോയാതായിരിക്കുമെന്നും ഉടന്‍ തന്നെ തിരികെയെത്തുമെന്നാണ് ശ്രേയ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ കഥ പുറം ലോകമറിയുന്നത്.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ ശ്രേയ കാമുകന്റെ സഹായത്തോടെയാണ് അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസിനോട് പറഞ്ഞത്. ശ്രേയയുടെ പ്രണയബന്ധത്തെ എതിര്‍ത്ത കല്‍പ്പന, മക്കളുടെ സുഹൃത്തുക്കള്‍ വീട്ടിലെത്തുന്നതും ശക്തമായി എതിര്‍ത്തിരുന്നു. ഇക്കാരണങ്ങളൊക്കെ കൊണ്ടാണ് ഇവര്‍ അമ്മയെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കിയത്.
ശ്രേയ സഹോദരിയുടെയും കാമുകന്റെയും സഹായത്തോടെ അരക്കല്ലുപയോഗിച്ച് തലയ്ക്കടിച്ചാണ് അമ്മയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കുറച്ച് അകലെയുള്ള കുളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം പിന്നീട് പോലീസ് കണ്ടെടുത്തു. സഹോദരിമാരെ അറസ്റ്റ് ചെയ്ത പോലീസ് ശ്രേയയുടെ കാമുകനായുള്ള തെരച്ചിലാണ്. സ്വന്തം പെണ്മക്കള് തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയത് വിശ്വസിക്കാനാവുന്നില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.