മാനന്തവാടി: വയനാട് ബാവലിയിലും കടുവയുടെ ശല്യം. മേയാന്‍ വിട്ട പശുവിനെ കടുവ കൊന്നു. തിരുനെല്ലി പഞ്ചായത്തിലെ ബാവലി മീന്‍കൊല്ലി കോളനിയിലെ ജാനുവിന്റെ പശുവിനെയാണ് കടുവ കൊന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ബാവലി വനത്തോട് ചേര്‍ന്ന പ്രദേശത്ത് മേയാന്‍ വിട്ട പശുവിനെ കടുവ കൊന്നത്. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് കടുവ വനത്തിലേക്ക് മടങ്ങി.
ബേഗൂര്‍ റേഞ്ച് ഓഫിസര്‍ വി രതീശന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ജാനുവിന് നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിച്ചെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
അതേസമയം തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം, തൃശ്ശിലേരി ഭാഗങ്ങളില്‍ ആഴ്ചകളായി കടുവയുടെ ശല്യം രൂക്ഷമായി തുടരുകയാണ്. തൃശ്ശിലേരി അടുമാറിയില് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചെങ്കിലും ഫലം ഉണ്ടായില്ല. കടുവ ജനവാസ കേന്ദ്രങ്ങളിലിറങ്ങിയ സ്ഥലങ്ങളില്‍ മുന്‍പ് 10 ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇന്നലെ ബാവലി പുഴയോരത്തും വനത്തിന് സമീപത്തുമായി നാല് ക്യാമറകള്‍ കൂടി സ്ഥാപിച്ചു.