ലക്നൗ: മോട്ടോര്‍ വാഹന നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തി എട്ടുവയസ്സുകാരന്റെ ബൈക്ക് യാത്ര. ബെക്കില് ഇരുന്നാല്‍ ബ്രേക്ക് അമര്‍ത്താന്‍ പോലും കാല് എത്താത്ത എട്ടുവയസ്സുകാരന് തലയില്‍ ഹെല്‍മെറ്റും വച്ച് ബൈക്ക് ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് പിഴ ശിക്ഷ വിധിച്ചു.
യുപിയിലെ ലക്നൗവിലാണ് സംഭവം. ബൈക്കിന് മുന്നിലെ ക്രാഷ് ഗാര്‍ഡിലും പിന്നിലെ രണ്ട് വശങ്ങളിലും പാല് പാത്രം തുക്കിയിട്ടാണ് എട്ടുവയസ്സുകാരന്റെ ഡ്രൈവിങ്. ഷാനു എന്നാണ് കുട്ടിയുടെ പേരെന്ന് പോലീസ് വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെയാണ് കാര്യം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. ലൈസന്‍സ് ഇല്ലാതെയുള്ള ഡ്രൈവിങ്ങിന് 25,000 രൂപ പിഴയും കുട്ടിയെ ബൈക്ക് ഓടിക്കാന്‍ അനുവദിച്ചതിന് 5000 രൂപയും അടക്കം 30,000 രൂപ പിഴയാണ് ഷാനുവിന്റെ രക്ഷിതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. കേസ് കോടതിയിലേക്ക് വിട്ടെന്നും കുട്ടിയുടെ രക്ഷിതാവിന് ജയില്‍ ശിക്ഷ വേണോ എന്ന് കോടതി തീരുമാനിക്കുമെന്നും പോലീസ് പറഞ്ഞു.
പുതിയ വാഹനനിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചുവരുന്നത്. അതിനിടെയാണ് എട്ടുവയസ്സുകാരന്റെ ബൈക്ക് യാത്ര. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കോ വാഹന ഉടമയ്ക്കോ എതിരായി കേസെടുക്കുമെന്നാണ് പുതിയ മോട്ടര്‍വാഹന നിയമം. 25000 രൂപ വരെ പിഴയും മൂന്നു വര്‍ഷത്തോളം തടവും ലഭിച്ചേക്കാവുന്ന ഗുരുതര കുറ്റമായാണ് ഇത് കണക്കാക്കപ്പെടുന്നത്.