പാറ്റ്ന: ഉത്തരേന്ത്യയിലുണ്ടായ പ്രളയക്കെടുതിയില്‍ മരണം 156 ആയി. ബിഹാറിലും ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലും കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്. ബിഹാറിന്റെ തലസ്ഥാനമായ പട്നയെയാണ് പ്രളയം കൂടുതല്‍ ബാധിച്ചത്.
ബിഹാറില്‍ മാത്രം 46 പേര് പ്രളയത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പട്ന നഗരം ഇപ്പോഴും വെള്ളത്തിനടിയിലാണ്. 22 കമ്പനി ദുരന്തനിവാരണ സേനയും, വ്യോമസേനയും പാട്നയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ബിഹാറിലാകെ 300 ഓളം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
കാല് നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുപിയിലും, ബിഹാറിലെ ചില ജില്ലകളിലും കഴിഞ്ഞ നാല് ദിവസമായി പെയ്തത്. ജാര്‍ഘണ്ടിലും ശക്തമായ മഴയെത്തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
രാജസ്ഥാനിലും, മധ്യപ്രദേശിലും, ഉത്തരാഘണ്ടിലും മഴക്കെടുതികളില്‍ പതിമൂന്ന് പേര് മരിച്ചു.
ഉത്തര്‍പ്രദേശിലെ ബലിയ ജില്ലാ ജയിലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 500 തടവുകാരെ മാറ്റി പാര്‍പ്പിച്ചു.