കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്റര്‍ പശ്ചിമ ബംഗാളിലും നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേയായിരുന്നു അമിത് ഷായുടെ പ്രസ്താവന. അസം മാതൃകയില്‍ പശ്ചിമ ബംഗാളിലും ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കും. എന്നാല്‍ ഇതിന് മുന്‍പായി പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കും. രാജ്യത്ത് കഴിയുന്ന ഹിന്ദു, സിഖ്, ജൈന്‍, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ ഇന്ത്യന്‍ പൗരത്വം അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്ത് കഴിയുന്ന ഹിന്ദു, സിഖ്, ജൈന്‍, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ ഭയപ്പെടേണ്ടതില്ല. രാജ്യത്ത് നിന്ന് ഇവരെ നിര്‍ബന്ധപൂര്‍വ്വം പുറത്താക്കില്ല. അവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കും. ഇന്ത്യന്‍ പൗരന്മാര്ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇവര്‍ക്കും ലഭ്യമാക്കുമെന്നും, അതേസമയം നുഴഞ്ഞുക്കയറ്റക്കാരെ പുറത്താക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്കി. ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ബംഗാളിലെ ജനങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.