തൃശ്ശൂര്‍: തൃശ്ശൂരില്‍ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലേടുത്ത പ്രതി മരണപ്പെട്ട നിലയില്‍. മലപ്പുറം സ്വദേശിയായ രഞ്ജിത്താണ് മരണപ്പെട്ടത്. മരണപ്പെട്ടതിന് ശേഷമാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് വിവരം.
ഇന്ന് ഉച്ചയ്ക്ക് ഗുരുവായൂര്‍ ബസ് സ്റ്റോപ്പില്‍ വച്ചാണ് പ്രതിയെ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് വൈകിട്ട് അഞ്ച് മണിയോടെ പാവറട്ടിയിലെ സാന്‍ ജോണ്‍സ് ആശുപത്രിയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രതിയെ എത്തിക്കുന്നത്.
അതെസമയം രഞ്ജിത്തിന്റെ ശരീരം നനഞ്ഞ നിലയിലായിരുന്നുവെന്നും ആശുപത്രയിലെത്തിക്കും മുന്‍പേ മരണപ്പെട്ടിരുന്നുവെന്നും ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ പിടികൂടിയതിന് പിന്നാലെ രഞ്ജിത്ത് അപസ്മാര ലക്ഷണങ്ങള്‍ കാട്ടിയിരുന്നതായി എക്സൈസ് പറയുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇയാള്‍ മരണപ്പെട്ടുവെന്നുമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.