പട്ന: ബിഹാറിലെ പ്രളയത്തില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്. രാജേന്ദ്ര നഗറില്‍ മാത്രം പത്തിലധികം മലയാളി കുടുംബങ്ങളാണ് കുടുങ്ങി കിടക്കുന്നത്. പത്തനംതിട്ട സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നവര്‍. അധികാരികളെ സഹായത്തിനായി നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇതു വരെ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ ആരോപിക്കുന്നു.
പത്തനംതിട്ട വള്ളിത്തോട് സ്വദേശിയായ സണ്ണിയും ഭാര്യയും രണ്ട് പെണ്‍കുട്ടികളും, ഉള്‍പ്പെടെ പത്തിലധികം പേര് കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അബ്രഹാം എന്ന മറ്റൊരു മലയാളിയും കുടുംബവും ഇതേ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. വീട്ടിന്റെ ഒരു നില പൂര്‍ണ്ണമായും മുങ്ങിയ നിലയിലാണെന്നാണ് ഇവര്‍ പറയുന്നത്. ബിഹാര്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് കുടുങ്ങിക്കിടക്കുന്നവര്‍ ആരോപിക്കുന്നു.
കഴിഞ്ഞ ദിവസം സമാനമായ സാഹചര്യത്തില്‍ കുടുങ്ങിപ്പോയ 24 മലയാളികളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ഉത്തരേന്ത്യയില്‍ തുടരുന്ന മഴക്കെടുതിയില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 127 പേരാണ് മരിച്ചത്. ബിഹാറില്‍ മാത്രം 29 പേര്‍ക്ക് ജീവന് നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.