കൊല്ലം: കൊല്ലം നഗരത്തിലും പരിസര പ്രദേശങ്ങളിലും തോക്ക് ചൂണ്ടി മാലമോഷണം. ആറു ഇടങ്ങളിലാണ് മോഷണം നടന്നത്. ഹെല്‍മറ്റ് ധരിച്ച് ഇരുചക്രവാഹനത്തില്‍ എത്തിയ രണ്ടംഗ സംഘമാണ് മാല കവര്‍ന്നത്. ഇവര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നാണ് മാല നഷ്ടമായവര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.
പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കുമ്പളം സ്വദേശിയായ യുവാവ് കുണ്ടറ റെയില്‍വേ സ്റ്റേഷന് പരിസരത്തു വച്ചുപോയ ബൈക്ക് മോഷ്ടിച്ചെടുത്താണ് പ്രതികള്‍ കൃത്യം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ ഉപയോഗിച്ച ബൈക്കും ഹെല്‍മറ്റും ടൗണ്‍ അതിര്‍ത്തിയില്‍ നിന്ന് പോലീസ് കണ്ടെത്തി. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
കൊല്ലം നഗരത്തിലെ പട്ടത്താനം, കര്‍ബല, ബീച്ച് റോഡ്, ആല്‍ത്തറമൂട്, റൂറലിലെ മുളവന, കുഴിമതിക്കാട് എന്നിവിടങ്ങളിലായിരുന്നു മാല പിടിച്ചുപറി. ഒരേസംഘം തന്നെയാണ് എല്ലായിടത്തും കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആറുമുറിക്കട നെടുമണ്‍കാവ് റോഡില്‍ കുഴിമതിക്കാട്ടായിരുന്നു ആദ്യസംഭവം. കാല്‍നടയാത്രക്കാരിയായ പുലിയില സാരംഗവിലാസത്തില് കോമളത്തിന്റെ രണ്ടു പവന്റെ മാലയാണ് പൊട്ടിച്ചത്. അവര്‍ മാലയില്പിടിച്ചതിനാല് പകുതി മാല ലഭിച്ചു.
തുടര്‍ന്ന് 9.30ന് മുളവന കട്ടകശേരി ജങ്ഷനില്‍ പേരയം നാഥന്‍പറമ്പില്‍ ബിന്ദുവിന്റെ നാലരപ്പവന്‍ മാല തട്ടിപ്പറിച്ചു.
ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെ ബൈക്കിന് പിറകിലിരുന്നയാള്‍ തോക്കുചൂണ്ടിയതായും പറയുന്നു. പകല്‍ 11.30ന് കൊല്ലം ആല്‍ത്തറമൂട്ടില്‍ എത്തിയ സംഘം വാടി സുധിനിവാസില് ലൈലയുടെ മാലയാണ് കവര്‍ന്നത്. ഇവരെ അടിച്ചിട്ടശേഷം മാല പൊട്ടിച്ച് വാടി കടപ്പുറം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചുപോയി. എന്നാല്‍ മാല മുക്കുപണ്ടമായിരുന്നു. കഴുത്തിന് പരിക്കേറ്റ ഇവര്‍
ചികിത്സ തേടി.
ചിന്നക്കട ബീച്ച്റോഡില്‍ ധന്യ സൂപ്പര്‍മാര്‍ക്കറ്റിനു സമീപം റോഡരികില്‍ നില്‍ക്കുകയായിരുന്ന തട്ടാമല താഴത്തുചേരി കരീലശേരിയില് സുഷമയുടെ രണ്ടേമുക്കാല്‍ പവന്റെ മാലയും പൊട്ടിച്ചെടുത്തു. കര്‍ബല റോഡില്‍ ഫാത്തിമ മാതാ കോളേജിനു സമീപം കാല്‍നടയാത്രക്കാരിയായ വാളത്തുംഗല്‍ ചിത്രാലയത്തില്‍ അംബികാദേവിയെയും ആക്രമിച്ച് മൂന്നു പവന്റെ മാല പൊട്ടിച്ചെടുത്തു. ഇവര്‍ മാലയില്‍ കയറിപ്പിടിച്ചതിനാല്‍ പകുതി ലഭിച്ചു.
തുടര്‍ന്ന് അമ്മന്നടയക്ക് തെക്കുവശം അങ്കണവാടി വര്‍ക്കര്‍ ഇരവിപുരം സ്വദേശി ചിത്രലൗജിയുടെ മാല പൊട്ടിച്ചു. ഇവരെ കടന്നുപോയ മോഷ്ടാക്കള്‍ തിരികെവന്ന് തോക്കുചൂണ്ടി മാല കവര്‍ന്നതായാണ് പരാതി. കൊല്ലം പള്ളിമുക്കില്‍ മോഷ്ടാക്കള്‍ക്ക് തൊട്ടരികെ പോലീസ് എത്തിയെങ്കിലും ട്രക്കിനെ മറികടന്ന് കുതിച്ച ബൈക്ക് പിടികൂടാന്‍ സാധിച്ചിട്ടില്ല.
അതേസമയം, ടൗണ്‍ അതിര്‍ത്തിയിലുള്ള ദിയാ മോട്ടേഴ്സിന് സമീപത്തുനിന്ന് മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചു. പ്രതികളെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.