ബോളിവുഡ് താരം സല്മാന് ഖാന് വധഭീഷണി. ബിഷ്ണോയ് സമുദായത്തിന്റെ പേരിലാണ് താരത്തിന് വധഭീഷണി വന്നിരിക്കുന്നത്. കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് ഭീഷണി ഉയര്‍ത്തി സമുദായം രംഗത്തെത്തിയിരിക്കുന്നത്.
ഗാരി ഷൂട്ടര്‍ എന്നയാളാണ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ വധഭീഷണി പങ്കുവെച്ചത്. ഇന്ത്യന്‍ നിയമത്തില്‍ നിന്ന് രക്ഷപ്പെട്ടാലും ബിഷ്ണോയ് നിയമത്തില്‍ നിന്ന് സല്മാന് ഖാന് രക്ഷപ്പെടില്ലെന്നാണ് ഭീഷണിയില്‍ പറയുന്നത്. കൃഷ്ണമൃഗത്തെ ദൈവമായി കാണുകയും മൃഗങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന വിഭാഗമാണ് ഈ സമുദായം.
സംഭവത്തെ തുടര്‍ന്ന് സല്മാന് ഖാന് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് ജോധ്പൂര്‍ പോലീസ് അറിയിച്ചു. 1998 സെപ്റ്റംബര്‍ 26,28 തീയതികളിലാണ് സല്മാന് ഖാന് കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നത്. കേസില്‍ 2007ല്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട സല്മാന് ഒരാഴ്ച്ചക്ക് ശേഷം ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ഇതാണ് ഇവരെ ചൊടിപ്പിച്ചത്.