കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം. ക്ലാസില്‍ പെണ്‍കുട്ടി ചിരിച്ചെന്നാരോപിച്ച് അധ്യാപകന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വലതു ചെവിയില്‍ നിന്ന് രക്തസ്രാവം വരുകയായിരുന്നു. അസഹനിയമായ വേദനയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി വീട്ടിലേക്ക് മടങ്ങി.
തുടര്‍ന്ന് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ബാഗുയാട്ടി പോലീസ് സ്റ്റേഷനില്‍ 12 കാരിയുടെ മാതാപിതാക്കള്‍ സ്വപന് എന്‍ കുമാര്‍ ഗരാമിക്കെതിരെ (48) പരാതി നല്കി. ശേഷം സംഭവത്തില്‍ കേസെടുത്ത പോലീസ് സ്കൂളിലെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം ആരോഗ്യ പ്രശനങ്ങള്‍ ആരോപിച്ച് അധ്യാപകന് വെള്ളിയാഴ്ച സ്കൂളില്‍ നിന്ന് മടങ്ങി. സംഭവത്തില്‍ ക്ലാസില്‍ ഉണ്ടായിരുന്ന മറ്റു കുട്ടികള്‍ പ്രതികരിച്ചു.
ക്ലാസില്‍ ചിരിച്ചതിനാണ് അവളെ അധ്യാപകന് മര്‍ദ്ദിച്ചതെന്ന് മറ്റുകുട്ടികള്‍ ആരോപിച്ചു. അദ്യാപകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ ആര്‍ജി ഖര് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ ശക്തമായ അടിയില്‍ പെണ്‍കുട്ടിയുടെ കര്‍ണ്ണപുടം തകര്‍ന്നതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ അധ്യാപകനെതിരെ ഐപിസി സെക്ഷന്‍ 325(മനഃപൂര്‍വം വേദനിപ്പിക്കല്) പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ഖേദം പ്രകടിപ്പിക്കുകയും അധ്യാപകനെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.