കൊച്ചി: സുഹൃത്തിനെതിരെ വ്യാജ പരാതി നല്കിയ യുവതിക്ക് വനിതാ കമ്മീഷന്റെ ശാസന. സുഹൃത്ത് തന്നെ ബലാത്സംഗം ചെയ്തെന്നായിരുന്നു യുവതിയുടെ പരാതി. വ്യാഴാഴ്ച എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തിലാണ് യുവതി സുഹൃത്തിനെതിരെ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ആരോപണം വ്യാജമോണെന്ന് തെളിഞ്ഞു.
അതേസമയം ഇരുവരും അടുപ്പത്തിലായിരുന്നെന്നും യുവതി ഇടയ്ക്കിടയ്ക്ക് പണം ചോദിക്കുമെങ്കിലും അത് നല്കാന് യുവാവ് തയാറായിരുന്നില്ലെന്നും കണ്ടെത്തി. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി സുഹൃത്തിനെതിരെ കള്ളപ്പരാതിയുമായി രംഗത്തെത്തിയത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ വനിതാ കമ്മീഷന് ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന് യുവതിയെ ശാസിച്ചു.
പുരുഷന്മാര്ക്കെതിരെ കള്ളപ്പരാതി നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും എംസി ജോസഫൈന് ശാസനയില്‍ വ്യക്തമാക്കി. യാതൊരു ഗൗരവവുമില്ലാത്ത ഇത്തരം പരാതികള്‍ പ്രോല്‍സാഹിപ്പിക്കരുതെന്നും കമ്മീഷന് പറഞ്ഞു. അമ്മയുടെ ചികിത്സയ്ക്കായി മാനസികാരോഗ്യ കേന്ദ്രത്തിലെത്തിയ യുവതി അവിടെ വെച്ചാണ് യുവാവുമായി പരിചയത്തിലാകുകയായിരുന്നു. മദ്യപാനം നിര്‍ത്താനുള്ള ചികിത്സയ്ക്കാണ് യുവാവ് അവിടെ എത്തിയത്.