ഡാര്‍ജിലിങ്ങ്: പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്ന് ഉടമയെ രക്ഷിച്ച വളര്‍ത്തുനായയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ താരം. വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ പുലി 58കാരിയായ അരുണ ലാമയെ ആക്രമിക്കുകയായിരുന്നു. ഇതില്‍ നിന്നാണ് തന്റെ ഉടമയെ നായ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. നാലു വയസ് പ്രായമാണ് നായയ്ക്ക്.
പശ്ചിമ ബംഗാളില്‍ ഡാര്‍ജിലിങ്ങിലാണ് പുള്ളിപ്പുലിയുടെ ആക്രമണം നടന്നത്. രാത്രി 8.30 ഓടെയാണ് സംഭവം. പുള്ളിപ്പുലിയുടെ ആക്രമണത്തിനു ഇരയായ അരുണയ്ക്ക് 20 തുന്നികെട്ടുണ്ട്. ശരീരത്തില്‍ ചതവും സംഭവിച്ചിട്ടുണ്ട്.
പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായതിനു പിന്നാലെ അരുണയെ സോനാഡ പ്രാഥമിക ആശുപത്രിയില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ഡാര്‍ജിലിങ്ങില്‍ സര്‍ദാര്‍ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ശനിയാഴ്ചയോടെ സിലിഗുരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണം പതിവ് സംഭവമാണ്.