തൃശ്ശൂര്‍: പുരസ്കാരം ഏറ്റുവാങ്ങാനെത്തിയ ബഡ്ഡി മുഖ്യമന്ത്രി പിണറായി വിജയനു സാഷ്ടാംഗമൊരു സല്യൂട്ട് നല്കി. തുടര്‍ന്ന് മുഖ്യമന്ത്രി കൈപ്പടം നെറ്റിയോട് ചേര്‍ത്ത് സല്യൂട്ട് സ്വീകരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പോലീസ് അക്കാദമി വനിതാ ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫിസര്‍മാരുടെ പുതിയ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിനിടയിലായിരുന്നു രസകരമായ രംഗം അരങ്ങേറിയത്.
വനിതാ പാസിങ് ഔട്ട് പരേഡില്‍ മികച്ച ജേതാക്കള്‍ക്ക് പുരസ്കാരം നല്‍കുന്നതിനിടെയാണ് ദേശീയ പോലീസ് ഡ്യൂട്ടി മീറ്റില്‍ വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങും നടന്നത്. കേരള പോലീസിന്റെ ചരിത്രത്തില്‍ ആദ്യമായി ദേശീയ പോലീസ് ഡ്യൂട്ടി മീറ്റില്‍ ഡോഗ് സ്ക്വാഡ് വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയ താരമാണ് ബഡ്ഡിയെന്ന പോലീസ് നായ.
62-ാമത് ദേശീയ പോലീസ് ഡ്യൂട്ടി മീറ്റ് ഡോഗ് സ്ക്വാഡ് മത്സരത്തില്‍ എക്സ്പ്ലോസീവ് ഡിറ്റക്ഷന്‍ വിഭാഗത്തില്‍ 128 പോലീസ് നായക്കളെ മറികടന്നാണ് ഈ നാലര വയസുകാരി സ്വര്‍ണ്ണമെഡല്‍ നേടിയത്. ബഡ്ഡി കാസര്‍കോട് സേനാഗമാണ്. പരിശീലകരായ കെകെ അജീഷ്, മനു പി ചെറിയാന് എന്നിവര്‍ക്കൊപ്പമാണ് ബഡ്ഡി മുഖ്യമന്ത്രിയില്‍നിന്ന് പുരസ്കാരം വാങ്ങാനെത്തിയത്.
ഓറഞ്ച് നിറത്തിലുള്ള തോരണം ചാര്‍ത്തിയ ചുവപ്പും നീലയും നിറമുള്ള പോലീസ് ചിഹ്നം ഉള്ള ഔദ്യോഗിക ഗൗണ്‍ അണിഞ്ഞാണ് ബഡ്ഡി പുരസ്കാരം സ്വീകരിക്കാനെത്തിയത്. ബഡ്ഡിക്കായി പരിശീലകര്‍ മുഖ്യമന്ത്രിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. തുടര്‍ന്ന് മൂന്നുപേരും മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്കി തിരിച്ച് പോയതോടെ സദസ്സില്‍നിന്ന് വന്‍ ഹര്‍ഷാരവം ഉയര്‍ന്നു.
ഒബീഡിയന്‍സ്, ഫുഡ് റെഫ്യൂസല്‍, ഗ്രണ്ട് സര്‍ച്ച്, വെഹിക്കിള്‍ സര്‍ച്ച്, ലഗേജ് സര്‍ച്ച്, ബില്‍ഡിങ് സര്‍ച്ച്, ഹ്യൂമണ്‍ ബോഡി സര്‍ച്ച് എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ബഡ്ഡി കേരളത്തിനായി സുവര്‍ണനേട്ടം കൈവരിച്ചത്. മത്സരത്തില്‍ പങ്കെടുത്ത കേരള പോലീസ് ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു.
പോലീസ് നായ്ക്കള്‍ പരമ്പരാഗതമായി സല്യൂട്ട് ചെയ്യുന്ന രീതിയില്‍ മുന്‍കാലുകള്‍ മുന്നിലേക്കു നീട്ടി തല താഴേക്കു താഴ്ത്തി ബഡ്ഡിയുടെ അഭിവാദ്യം. ശേഷം ആത്മവിശ്വാസത്തോടെ പവിലിയനിലേക്ക്. ശേഷം ബഡ്ഡിക്കൊപ്പം സെല്‍ഫി എടുക്കാനെത്തിയവരെ ഈ നാലര വയസുകാരി പിണക്കിയില്ല. സെല്‍ഫിയെടുത്തതിന് ശേഷം ബിസ്ക്റ്റ് നല്‍കിയാണ് ആളുകള്‍ പോയത്.
2015-ല്‍ രാമവര്‍മപുരം ഡോഗ് ട്രെയിനിങ് സെന്ററില്‍ പരിശീലനത്തിന് ശേഷമാണ് ബഡ്ഡി കാസര്‍കോട് ജില്ലാ പോലീസിലേക്ക് പോയത്. തുടര്‍ന്ന് ജില്ലയില്‍ പല കേസുകള്‍ക്കും തുമ്പുണ്ടാക്കികൊടുത്തതിും ബഡ്ഡി തന്നെ. 2017-ല്‍ കേരള ഡ്യൂട്ടി മീറ്റില്‍ സ്വര്‍ണം നേടിയ ബഡ്ഡി 2018-ല്‍ ദേശീയ മീറ്റില്‍ വെള്ളിമെഡല്‍ നേടിയിരുന്നു. ഇക്കുറി 128 പോലീസ് നായ്ക്കളെ പിന്നിലാക്കി കൊണ്ട് ബഡ്ഡി സ്വര്‍ണ്ണം നേടി.