കൊച്ചി : പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗുണ്ടാനേതാവ് നിറതോക്കുകളുമായി ആശുപത്രിയില്‍ പിടിയില്‍. നെടുംതോട് പുത്തന്‍പുര അനസ് (അന്‍സീര്‍ 35) ആണ് പിടിയിലായത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അനസിനെ പെരുമ്പാവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.
വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് പിടിയിലായ അനസ്. പനി ബാധിച്ച് ചികിത്സയില്‍ കഴിയവെ ആശുപത്രിയില്‍ വെച്ച് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിസ്റ്റള്‍ ഇനത്തിലെ തോക്ക് ഇയാളില്‍ നിന്നു കണ്ടെടുത്തു. വെടിയുണ്ടകള്‍ നിറച്ച നിലയിലായിരുന്നു. 7 തിര നിറയ്ക്കാവുന്ന ‘മെയ്ഡ് ഇന്‍ ഇംഗ്ലണ്ട്’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന തോക്കാണ് കണ്ടെടുത്തത്.
വെങ്ങോല വലിയകുളം ചിയാട്ട് സിഎസ് ഉണ്ണിക്കുട്ടനെ മംഗളൂരുവില്‍ കൊലപ്പെടുത്തിയ കേസിലും പൂക്കടശേരി റഹിം വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ കേസുകളിലും പ്രതിയായ അനസ് ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയായിരുന്നു. സ്വര്‍ണക്കവര്‍ച്ച ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കുന്നതായും പൊലീസ് അറിയിച്ചു.
കൂടാതെ തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീറുമായും ഇയാള്‍ക്കു ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. മൂവാറ്റുപുഴ മജിസ്ട്രേറ്റിനു മുന്നില്‍ പ്രതിയെ ഹാജരാക്കി റിമാന്‍ഡ് ചെയ്തെങ്കിലും കുഴഞ്ഞു വീണതിനെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.