ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനയിരിക്കാനെത്തിയ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കി. ക്ഷേത്ര പരിസരത്തെ ലോഡ്ജ് മുറിയിലാണ് ആറ് മാസം ഗര്‍ഭിണിയായ യുവതി പ്രസവിച്ചത്. സംഭവത്തില്‍ ഇവര്‍ പ്രസവിച്ച രണ്ടു കുട്ടികളും മരിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. യുവതിയെ ലോഡ്ജ് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.
യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. യുവതി പ്രസവിച്ച ഒരു കുട്ടി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഭര്‍ത്താവുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തിയ യുവതി കഴിഞ്ഞ 25നാണ് സുഹൃത്തിനൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനയിരിക്കാനെത്തിയത്. യുവതിയുടെ സുഹൃത്തും ഇയാളുടെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസം.
ഇരുവരും കോട്ടപ്പടിയില്‍ വീട് വാടകയ്ക്ക് എടുത്ത് താമസിക്കാന്‍ ശ്രമം നടത്തിയതായി പോലീസ് കണ്ടെത്തി. ഇരുവരും എറണാകുളം സ്വദേശികളാണ് ക്ഷേത്രത്തില്‍ ഭജനയിരിക്കാനാണെന്ന് പറഞ്ഞാണ് ഇവര്‍ ലോഡ്ജില്‍ മുറിയെടുത്തത്. സംഭവത്തില്‍ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.