ന്യൂഡല്‍ഹി: ഉന്നാവോ കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. പെണ്‍കുട്ടിയുടെ അമ്മ കോടതിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് നാളെ പരിഗണിക്കുന്നത്. അതേസമയം, ഈ മാസം 12ന് അയച്ച കത്ത് കിട്ടാന്‍ വൈകിയതില്‍ സുപ്രീംകോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടി.
ഉന്നാവേ കേസിലെ പെണ്‍കുട്ടിയും കുടുംബവും കോടതിക്ക് അയച്ച കത്തുകള്‍ ഇതുവരെ ചീഫ് ജസ്റ്റിസിന് ലഭ്യമായിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതി രജിസ്ട്രിയോട് ചീഫ് ജസ്റ്റിസ് വിശദീകരണം തേടിയത്.
ബലാത്സംഗക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കുല്‍ദീപ് സിംഗ് സെംഗാര്‍ എംഎല്‍എയുടെ ആളുകള്‍ ഭീഷണിപ്പെടുത്തുന്ന കാര്യം സൂചിപ്പിച്ചാണ് പെണ്‍കുട്ടിയും അമ്മയും സഹോദരിയും അമ്മായിയും ചേര്‍ന്ന് കത്തയച്ചത്.