ന്യൂഡല്‍ഹി: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് തറപ്പിച്ച് പറഞ്ഞ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് (40) ആണ് മരിച്ചത്. സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൃശ്ശൂരിലെ എംപിയായി ഇരിക്കെ ടിഎന്‍ പ്രതാപന് എസ്ഡിപിഐ യുടെ പേര് പറയാത്തത് അദ്ദേഹത്തിന് കൂടുതല്‍ വിവരങ്ങള്‍ അറിയാത്തത് കൊണ്ടാവുമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നാഥനില്ലാത്ത അവസ്ഥയിലാണെന്ന ശശി തരൂര്‍ എംപിയുടെ പ്രസ്താവനയോട് പ്രതികരിക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായില്ല.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു ആക്രമണം നടന്നത്. ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘമാണ് പ്രവര്‍ത്തകരെ വെട്ടി വീഴ്ത്തിയത്. വടിവാളും മറ്റുമുള്ള മാരകായുധങ്ങളുമായിട്ടായിരുന്നു ആക്രമണം. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഉള്‍പ്പടെ നാലു പേരെയാണ് വെട്ടിയത്. മരിച്ച നൗഷാദ് കൂടാതെ കാവീട് സ്വദേശി ബിജേഷ് (40), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ് (38) എന്നിവരുമാണ് ആക്രമണത്തിന് ഇരയായത്.