തൃശ്ശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഉള്‍പ്പടെ നാലുപേരെ വെട്ടേറ്റ സംഭവത്തില്‍ ഒരാള്‍ മരിച്ചു. പുന്നയിലെ കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദ് (40), കാവീട് സ്വദേശി ബിജേഷ് (40), പാലയൂര്‍ പുതുവീട്ടില്‍ നിഷാദ് (28), പുന്ന അയിനിപ്പുള്ളി സുരേഷ് (38) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് നൗഷാദ് മരിച്ചത്. വെട്ടേറ്റ മറ്റ് മൂന്ന് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടൊണ് സംഭവം. വെട്ടേറ്റവര്‍ പുന്ന സെന്ററില്‍ നില്ക്കുമ്പോള് ഏഴ് ബൈക്കുകളിലായെത്തിയ 14 അംഗ സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു.
എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിഎ ഗോപപ്രതാപന് ആരോപിച്ചു. ഈ ആരോപണം എസ്ഡിപിഐ നിഷേധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പോലീസ് അറിയിച്ചു.