തേഞ്ഞിപ്പലം: മുന്നില്‍ മുങ്ങിത്താഴുന്ന മൂന്നു കുഞ്ഞുങ്ങളുടെ നിലവിളി കേട്ടപ്പോള്‍ ലത ടീച്ചര്‍ പിന്നെ ഒന്നും ആലോചിച്ചില്ല, സ്വന്തം ജീവന് പോലും മറന്ന് കുളത്തിലേക്ക് എടുത്ത് ചാടി. ജീവന് മരണ പോരാട്ടത്തിനൊടുവില്‍ മൂന്ന് പേരെയും രക്ഷിച്ച് കരയ്ക്കുകയറ്റി. ഈ നിമിഷങ്ങളെപ്പറ്റി ഓര്‍ക്കുമ്പോള്‍ ടീച്ചറുടെ നെഞ്ചിടിപ്പ് ഇപ്പോഴും കൂടും.
വേങ്ങര അല്‍ഫലാഹ് സ്കൂളിലെ അധ്യാപികയായ നെച്ചിക്കാടന് ലതയാണ് മൂന്നുകുട്ടികളെ സാഹസികമായി രക്ഷിച്ച് ജീവിതത്തിലേക്ക് കയറ്റിയത്. പെരുവള്ളൂരില് സ്കൂളിന് സമീപത്തെ ഇല്ലത്ത് കുളത്തില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടിലേക്ക് വരുന്നതിനിടെയാണ് കുളത്തിനടുത്ത് വെച്ച് ടീച്ചര്‍ മൂന്ന് കുട്ടികളുടെ നിലവിളി കേട്ടത്.
തുടര്‍ന്ന് സ്ഥലത്തെത്തി നോക്കിയപ്പോഴാണ് കുട്ടികള്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല ടീച്ചര്‍ ജീവന് പോലും മറന്ന് കുളത്തിലേക്ക് എടുത്ത് ചാടി കുട്ടികളെ കരയ്ക്കെത്തിച്ചു. മൂന്നുകുട്ടികളെയും അണച്ചുപിടിച്ച് നീന്താന്‍ ഇവര്‍ ഏറെ പ്രയാസപ്പെട്ടു. റെസ്ലാ(7), സജ്ന ഷെറി(5), സഫരീന (6) എന്നിവരെയാണ് മുപ്പത്തിരണ്ടുകാരിയായ ലത ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്.
ഇതിനിടെ ടീച്ചറുടെ നിലവിളി കേട്ട് സ്ഥലത്തെത്തിയ സമീപവാസിയായ വിജീഷും കുട്ടികളെ രക്ഷിക്കാന്‍ സഹായിച്ചു. വീട്ടുകാരറിയാതെ തൊട്ടുസമീപത്തുള്ള തോട്ടില്‍ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. ഇതില്‍ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങിയപ്പോള്‍ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് മൂന്നാമത്തെ കുട്ടിയും കുളത്തിലേക്ക് ചാടിയത്. നീന്തല്‍ അറിയാത്ത ഈ കുട്ടിയും അപകടത്തില്‍ പെടുകയായിരുന്നു.