ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷിക്കാന്‍ കാറില്‍ കുതിച്ചു പാഞ്ഞ യുവതീയുവാക്കള്‍ അപകടത്തില്‍പ്പെട്ടു. ഈസ്റ്റ് ഡല്‍ഹിയിലാണ് അപകടം നടന്നത്. സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിനിക്കും കൂട്ടുകാരനും ദാരുണാന്ത്യം. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ റൂബല്‍(20) കൂട്ടുകാരന് പ്രഭ്ജോത് സിംഗ്(18) എന്നിവരാണ് മരിച്ചത്. അര്‍ഷ്പ്രീത് കൗര്‍(19), കേശവ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അര്‍ഷ്പ്രീത് കൗറും ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയാണ്.
ഡ്രൈവര്‍ മാത്രമാണ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അതേസമയം ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനമോടിച്ചതെങ്കില്‍ നടപടിയെടുക്കുമെന്ന് ഷാഹ്ദര ഡിസിപി മേഘ്ന യാദവ് പറഞ്ഞു.
അമിതവേഗതയിലെത്തിയ കാര്‍ ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിലുണ്ടായിരുന്നവര്‍ തെറിച്ചു പോയി. നിസാര പരിക്കേറ്റ ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ പിടികൂടി. അതേസമയം, അപകടം നടന്ന സ്ഥലത്തും കാറിനുള്ളിലും മദ്യകുപ്പികളും സിഗരറ്റും ഉണ്ടായിരുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍, കാറില്‍ നിന്ന് മദ്യകുപ്പികള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. റൂബലിന്റെ ജന്മദിനമാഘോഷിക്കാനാണ് ശനിയാഴ്ച എല്ലാവരും ഒത്തുകൂടിയത്. മുഖര്‍ജി നഗറില്‍ പേയിംഗ് ഗസ്റ്റായിട്ടാണ് റൂബല്‍ താമസിക്കുന്നത്. റൂബലും അര്‍ഷ്പ്രീത് കൗറും ഹരിയാന സ്വദേശികളും സുഹൃത്തുക്കളുമാണ്.