ദുബായ്: ദുബായിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തില്‍ കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയില്‍. ഏപ്രില്‍ 18ന് ദുബായ് അല്‍ ഖാസിസിലെ ഒരു വില്ലയില്‍ വെച്ചാണ് സംഭവം. അഞ്ച് പേര് ചേര്‍ന്ന് തന്നെ പീഡിപ്പിച്ചെന്നും പ്രതികളില്‍ ഒരാളെ സ്പോര്‍ട് ക്ലബില്‍ വെച്ച് പരിചയപ്പെട്ടിരുന്നെന്നും പീഡനത്തിനിരയായ പതിനാറുകാരന് മൊഴി നല്കി.
2019 ഏപ്രിലില്‍ സ്നാപ് ചാറ്റ് വഴി ഒരു സുഹൃത്തിനെ പരിചയപ്പെട്ടതായും ഇയാള്‍ കാറുകളെ കുറിച്ചും ബൈക്കുകളെ കുറിച്ചും സംസാരിക്കുമെന്നും വിദ്യാര്‍ത്ഥി മൊഴിയില്‍ പറഞ്ഞു. തന്റെ വീടിന് അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ വെച്ച് രാവിലെ കാണാമെന്ന് പ്രതികളില്‍ ഒരാള്‍ പറഞ്ഞു. ശേഷം കാറിലെത്തിയ പ്രതികള്‍ തന്നെ പ്രാതല്‍ കഴിക്കാനായി ക്ഷണിച്ചു. കാര്‍ ഒരു വീടിന് മുന്നില്‍ നിര്‍ത്തുകയും തന്നെ മുറിയിലേക്ക് കൊണ്ടുപോയെന്ന് കുട്ടി പറഞ്ഞു.
കാറിലുണ്ടായിരുന്ന ഒരാളുടെ കൈയില്‍ കത്തിയുള്ളതായും മൊഴിയില്‍ രേഖപ്പെടുത്തി. മുറ്ിയിലെത്തിച്ച ശേഷം തന്നെ കത്തി കാട്ടി പീഡിപ്പിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. സംഭവത്തിനുശേഷം വിദ്യാര്‍ഥിയെ പ്രതികള്‍ തിരികെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ പീഡന വിവരം പുറത്ത് പറയരുതെന്ന് ഇവര്‍ പതിനാറുകാരനോട് പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥിയുടെ സുഹൃത്തുക്കളില്‍ ഒരാള്‍ പീഡനത്തിന്റെ വീഡിയോ കണ്ടു എന്ന് പറഞ്ഞതോടെ തന്റെ സഹോദരനോട് കാര്യങ്ങള്‍ പറയുകയും ദുബായ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ 19-25 വരെ പ്രായമുള്ളവരാണ് പ്രതികള്‍. ഏപ്രില്‍ 29ന് കേസിലെ പ്രധാന പ്രതിയും സംഭവങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത 19 വയസ്സുകാരനെ പിടികൂടിയെന്ന് പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി. കേസിലെ മറ്റുപ്രതികളെ അവരുടെ താമസസ്ഥലങ്ങളില്‍ നിന്നും പിടികൂടി. പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു. കേസില്‍ വാദം ഓഗസ്റ്റ് നാലിന് വീണ്ടും നടക്കും.