മുംബൈ: ജോലി സാധ്യതകള്‍ അന്വേഷിച്ച് മുംബൈ വിമാനത്താവളത്തിലേക്ക് വിളിച്ച വിദ്യാര്‍ത്ഥിയുടെ ഫോണ്‍ കോളില്‍ ഞെട്ടി അധികൃതര്‍. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥി ബോംബെ എയര്‍പോര്‍ട്ടാണോയെന്ന് ചോദിച്ചത് ബോംബുണ്ടെന്ന് കേട്ടതായിരുന്നു ആശങ്കയുടെ കാരണം. ഫോണ്‍ കോളിന് പിന്നാലെ സുരക്ഷാ ജീവനക്കാര്‍ എയര്‍പോര്‍ട്ട് പരിസരം മുഴുവന്‍ ബോംബിനായി തെരച്ചില്‍ നടത്തി.
ജൂലൈ 19ന് വൈകുന്നേരം ലഭിച്ച ഫോണ്‍ കോളിന് പിന്നാലെ മുംബൈ വിമാനത്താവളത്തില്‍ മിന്നല്‍ പരിശോധനകള്‍ നടന്നിരുന്നു. അതേസമയം, ഫോണ്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതോടെയാണ് സംസാരത്തിനിടയില്‍ സംഭവിച്ച അമളി വിമാനത്താവള ജീവനക്കാര്‍ തിരിച്ചറിയുന്നത്.
മുംബൈ വിമാനത്താവളത്തിലെ കണ്ട്രോള് റൂമിലേക്കാണ് വിദ്യാര്‍ത്ഥി വിളിച്ചത്. എന്നാല്‍ രണ്ടുമണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് അധികൃതര്‍ക്ക് അമളി പറ്റിയ കാര്യം മനസ്സിലായത്. അതേസമയം, അനാവശ്യ കാര്യങ്ങള്‍ കണ്ട്രോള് റൂമിലേക്ക് വിളിച്ച് പരിഭ്രാന്തി പരത്തിയതിന് വിദ്യാര്‍ത്ഥിക്ക് മുന്നറിയിപ്പ് നല്കി.