കോഴിക്കോട്: ജീവിത പങ്കാളിയെത്തേടി യുവാക്കള്‍ അന്യസംസ്ഥാനങ്ങളിലേക്ക്. പഠിപ്പും ജോലിയുമൊക്കെയുണ്ടായിട്ടും പെണ്ണുകിട്ടാതെ വന്നതോടെ ജാതിയും ഭാഷയുമെല്ലാം മറന്ന് യുവാക്കള്‍ ജീവിതപങ്കാളിയെത്തേടി അന്യസംസ്ഥാനങ്ങളിലേക്ക് ചേക്കേറുകയാണ്. ഇത്തരത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ കോഴിക്കോട്ടെ ഗ്രാമങ്ങളില്‍ മുപ്പതോളം വിവാഹങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.
കുന്നുമ്മല്‍, നരിപ്പറ്റ, കായക്കൊടി, നാദാപുരം പഞ്ചായത്തുകളിലാണ് വിവാഹം നടന്നത്. കാസര്‍കോട്, വയനാട് ജില്ലാ അതിര്‍ത്തികളിലുള്ള ചില ‘ബ്രോക്കര്‍മാരാണ്’ യുവാക്കള്‍ക്ക് കര്‍ണാടകത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ വിവാഹാലോചനകളുമായി എത്തിയത്. ഇരുപത്തയ്യായിരംമുതല്‍ ഒരു ലക്ഷം രൂപവരെയാണ് ഇവരുടെ പ്രതിഫലം.
കുടക്, ബാവലി, പൊള്ളാച്ചി എന്നിവിടങ്ങളില്‍നിന്നാണ് വധുക്കളിലേറെയും. വിവാഹം ചെയ്യുന്നതിന് മുമ്പ് വേറെയുമുണ്ട് നിബന്ധനകള്‍. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് സ്വര്‍ണവും വിവാഹച്ചെലവിനുള്ള പണവും നല്‍കണം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വരന്റെ നാട്ടില്‍വന്ന് വിവാഹം നടത്തിക്കൊടുക്കും. ഈയിടെനടന്ന മുപ്പതുവിവാഹങ്ങളില്‍ ഇരുപതിലും ഈഴവയുവാക്കളാണ് വരന്മാര്. വധുവിന്റെ ജാതിയൊന്നും പരിഗണിക്കാതെയാണ് മിക്കവിവാഹങ്ങളും.