ചെന്നൈ: കല്യാണത്തിന് ഇരുന്നൂറ് രൂപയില്‍ കൂടുതല്‍ വിലയുള്ള സമ്മാനങ്ങള്‍ സ്വീകരിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തമിഴ്നാട് ഡിജിപി ജെകെ ത്രിപാഠിയുടെ സര്‍ക്കുലര്‍. കൂടാതെ കല്യാണത്തിന് പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും സ്ത്രീധനം വാങ്ങരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
പോലീസുകാര്‍ ക്ലീന്‍ റെക്കോര്‍ഡ് ഉള്ളവരാകണമെന്ന ജൂലൈ അഞ്ചാം തിയതിയിലെ മദ്രാസ് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍. പെരുമാറ്റച്ചട്ടം അനുസരിച്ച് പാരിതോഷികങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ അയക്കാന്‍ ഡിജിപിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
ഇതേതുടര്‍ന്നാണ് 1964ലെ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നും ചീത്തപ്പേര് കേള്‍പ്പിക്കരുതെന്നും ത്രിപാഠിയ പോലീസുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്. സ്ത്രീധനമോ പാരിതോഷികങ്ങളോ സ്വീകരിക്കരുതെന്നും ഡിജിപി പറഞ്ഞു.