കോഴിക്കോട്: വനിതാ ഹോസ്റ്റലുകളില്‍ വൈകീട്ട് ആറുമണിമുതല്‍ രാത്രി പത്ത് മണി വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശത്തിനെതിരെ വിദ്യാര്‍ത്ഥിനി ഹൈക്കോടതിയില്‍. ഇത്തരം നിയന്ത്രണങ്ങള്‍ സ്ത്രീകളോട് കാണിക്കുന്ന വിവേചനമാണെന്നും വനിതാ ഹോസ്റ്റലുകളില്‍ മാത്രമാണ് ഈ നിയന്ത്രണമുള്ളതെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.
കോഴിക്കോട് ചേളന്നൂര്‍ ശ്രീനാരായണഗുരു കോളജിലെ ബിരുദ വിദ്യാര്‍ഥിനി ഫഹീമ ഷെറിന് ആണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വൈകീട്ട് ആറുമണി മുതല്‍ രാത്രി പത്തുവരെ വനിതാ ഹോസ്റ്റലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന നിര്‍ദേശം പഠനത്തെ സാരമായി ബാധിക്കുമെന്നും വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടി.
പഠനത്തിന് ഗുണകരമാകുന്ന ഒട്ടേറെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും അതുകൊണ്ടുതന്നെ ഫോണ്നിയന്ത്രണം പഠനത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. വനിതാ ഹോസ്റ്റലില്‍ മാത്രമാണ് ഈ നിയന്ത്രണമുള്ളതെന്നും അത് സ്ത്രീകളോടുള്ള വിവേചനമാണെന്നും വിദ്യാര്‍ത്ഥിനി പറയുന്നു.