ന്യൂഡല്‍ഹി: ഒന്ന് ശ്രദ്ധപതിപ്പിച്ചു കൂടേ…? രാജ്യത്ത് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഈ ഒരു ചോദ്യം മാത്രമാണ് ചോദിക്കാന്‍ ഉള്ളത്. രാജ്യത്ത് ദിനംപ്രതി വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ഉയരുന്നത്. സംഭവത്തില്‍ മോഡിക്ക് 49പേര് ഒപ്പിട്ട കത്ത് നല്കി. ചലച്ചിത്ര-സാമൂഹ്യ രംഗത്ത് നിന്നുള്ള പ്രമുഖര്‍ ഉള്‍പ്പടെ ഒപ്പിട്ട കത്താണ് നല്‍കുന്നത്.
ജയ് ശ്രീറാം വിളിപ്പിച്ചുള്ള ആള്‍ക്കൂട്ട ആക്രമണമടക്കം സമീപകാലത്തായി രാജ്യത്ത് നടക്കുന്ന ദാരുണ സംഭവങ്ങളില്‍ ശ്രദ്ധപതിയണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് സമര്‍പ്പിക്കുന്നത്. നടി അപര്‍ണാ സെന്‍, ചരിത്രകാരന് രാമചന്ദ്ര ഗുഹ എന്നിവരടക്കമുള്ള പ്രമുഖര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. പ്രിയപ്പെട്ട പ്രധാനമന്ത്രി, മുസ്ലിങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണം.
2016-ല്‍ 840-ല്‍ അധികം നിഷ്ടൂരമായ ആക്രമങ്ങള്‍ ദളിതുകള്‍ക്കെതിരെ നടന്നിട്ടുണ്ടെന്ന ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇതില്‍ ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നും കത്തില്‍ പറയുന്നുണ്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ താങ്കള്‍ പാര്‍ലമെന്റില്‍ പ്രസംഗിക്കുകയുണ്ടായി. എന്നാല്‍ അത് മതിയാകില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാ കുറ്റമായി പ്രഖ്യാപിക്കുമെന്ന് ശക്തമായി ആഗ്രഹിക്കുന്നുവെന്നും കത്തില്‍ എടുത്ത് പറയുന്നുണ്ട്.
‘ഖേദകരമെന്ന് പറയട്ടെ, ജയ്ശ്രീറാം എന്ന് വിളിക്കുന്നത് ഇന്ന് പ്രകോപനപരമായ യുദ്ധ വിളിയായി മാറുകയും ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് ഇതിന്റെ പേരില്‍ നടക്കുന്നത്. മതത്തിന്റെ പേരില്‍ ഇത്രയധികം ആക്രമണങ്ങള്‍ നടക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് മധ്യകാലഘട്ടമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും രാമന്റെ പേര് വളരെ പവിത്രമായി കാണുന്നവരാണ്. ഈ രാജ്യത്തെ ഉന്നതനായ ഭരണാധികാരി എന്ന നിലയില്‍ രാമന്റെ പേര് ഇങ്ങനെ അശുദ്ധമാക്കുന്നത് താങ്കള്‍ തടയണമെന്ന് ആവശ്യപ്പെടുന്നു’ കത്തില്‍ പറയുന്നു.
തങ്ങളുടെ നിര്‍ദേശങ്ങള്‍ അവയുടെ സദുദ്ദേശത്തോടെതന്നെ കാണുമെന്ന് കരുതുന്നതായും രാജ്യത്തിന്റെ ഗതിയെകുറിച്ച് ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും കത്തില്‍ തുറന്ന് പറയുന്നുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരായ അനുരാഗ് കാശ്യപ്, മണി രത്നം, സാമൂഹിക പ്രവര്‍ത്തകരായ അനുരാധ കപൂര്‍, അദിതി ബസു, എഴുത്തുകാരന് അമിത് ചൗധരി തുടങ്ങിയവരും മോഡിക്കുള്ള കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്.