തിരുവനന്തപുരം: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ നടുറോഡില്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. കാരണം എന്തുതന്നെ ആയാലും സ്ത്രീയെ നടുറോഡില്‍ ആക്രമിച്ചത് ഒരു കാരണവശാലും ന്യായീകരിക്കാന്‍ ആകില്ലെന്നും ആക്രമിച്ചത് ഏത് പ്രമാണിയാണെങ്കിലും ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസിനോട് ആവശ്യപ്പെടുമെന്നും എംസി ജോസഫൈന് പറഞ്ഞു.
സ്ത്രീയെ മര്‍ദ്ദിച്ചത് ആരായാലും അവരെ പോലീസ് കസ്റ്റഡിയിലെടുക്കണമെന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു. സ്ഥലം കാണാനെത്തിയ തമിഴ്നാട് സ്വദേശികളെ ജീവാനന്ദന് എന്നയാളാണ് ക്രൂരമായി മര്‍ദ്ദിച്ചത്. വയനാട്ടിലെ അമ്പലവയലില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
ദമ്പതികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് നടപടിയെടുത്തു. സംഭവത്തില്‍ ഉടന്‍ കേസെടുക്കുമെന്ന് അമ്പലവയല്‍ പോലീസ് അറിയിച്ചു. ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ജീവാനന്ദന് യുവതിയെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിക്കുനേരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു.