കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ നടുറോഡില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. സ്ഥലം കാണാനെത്തിയ ദമ്പതികളെ ഓട്ടോ ഡ്രൈവറായ ജീവാനന്ദന് എന്നയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ദമ്പതികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഇക്കാര്യം ചര്‍ച്ചയായത്.
ദമ്പതികളെ മര്‍ദ്ദിച്ചത് അമ്പലവയല്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ ജീവാനന്ദ് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളോട് സ്റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടു. സംഭവം നടന്നത് പോലീസ് സ്റ്റേഷനു തൊട്ടടുത്താണെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ കേസെടുക്കാനാകാത്ത സ്ഥിതിയാണുള്ളത്.
എന്നാല്‍ മര്‍ദ്ദന കാരണം വ്യക്തമല്ല. ആദ്യം യുവാവിനെ റോഡില്‍ ആളുകള്‍ നോക്കി നില്‍ക്കെ ജീവാനന്ദ് മര്‍ദ്ദിക്കുകയായിരുന്നു. അടിയേറ്റ് യുവാവ് റോഡില്‍ വീണു. ഇതു ചോദ്യം ചെയ്ത ഭാര്യയോട് ‘നിനക്കും വേണോ’ എന്നു ചോദിച്ചശേഷം മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. അതോടൊപ്പം യുവതിയെ അസഭ്യം പറയുകയും ചെയ്തു.
സംഭവം കണ്ടുനിന്ന ആളുകളിലൊരാളാണ് മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്തിയത്. ഇയാള്‍ പോയശേഷം അവിടെ കൂടിനിന്ന ആളുകളോടു യുവതി ‘നിങ്ങളെല്ലാവരും എന്താ നോക്കിനില്‍ക്കുന്നത’ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ ആരും പ്രതികരിച്ചില്ല. സംഭവത്തില്‍ ജില്ലാ പോലീസ് അടക്കം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.