മുംബൈ: സ്വന്തം കൈതണ്ട മുറിച്ച് ചോര കൊണ്ട് കാമുകിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ ശേഷം കാമുകിയെ ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. മുംബൈ കല്ല്യാണിലെ ഒരു ഗസ്റ്റ് ഹൗസിലാണ് സംഭവം. സംഭവത്തില്‍ പ്രതിഭാ പ്രസാദ് എന്ന യുവതിയെയാണ് അരുണ്‍ഗുപ്ത എന്ന ഇരുപത്തിയൊന്നുകാരന് കൊലപ്പെടുത്തിയത്.
പ്രതിഭയുടെ സീമന്തരേഖയില്‍ ചോര ചാര്‍ത്തിയശേഷം അരുണും പ്രതിഭയും ഒന്നിച്ച് സെല്‍ഫി എടുത്തിരുന്നു. ഇതിന് ശേഷമാണ് അരുണ്‍ പ്രതിഭയെ ശ്വാസംമുട്ടിച്ച് കൊന്നതെന്ന് കരുതുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1.30 തോടെയാണ് ഇരുവരും ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ എത്തിയത്. വൈകുന്നേരം വരെ ഇരുവരും റൂമില്‍ നിന്ന് പുറത്ത് ഇറങ്ങിയില്ല.
വൈകുന്നേരത്തോടെ ഇവര്‍ വെള്ളം ആവശ്യപ്പെട്ടിരുന്നതായി റിസോര്‍ട്ട് ജീവനക്കാര്‍ പറയുന്നു. രാത്രി 9.30 തോടെ അത്താഴം കഴിക്കാനായി ജീവനക്കാര്‍ വാതിലില്‍ മുട്ടിയെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെ ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മുറി പരിശോധിച്ചപ്പോഴാണ് രണ്ട് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. അരുണ്‍ കൈത്തണ്ട മുറിയ്ക്കാന്‍ ഉപയോഗിച്ച ബ്ലേഡ് മുറിയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
അരുണ്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ്. ഇരുവരും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. മുംബൈയില്‍ താമസിക്കുന്ന പ്രതിഭയെ കാണുവാന്‍ അരുണ്‍ വെള്ളിയാഴ്ച എത്തുകയായിരുന്നു. മുംബൈ ഗഡ്ഹോപ്പറിലെ താമസക്കാരിയായ പ്രതിഭ കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്.
അതേസമയം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.