ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തില്‍ വെടിവെപ്പില്‍ കൊല്ലപ്പവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത യുപി പോലീസ് നടപടിയില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
പ്രിയങ്കയുടെ അറസ്റ്റ് യുപിയിലെ ബിജെപി സര്‍ക്കാരിന്റെ അരക്ഷിത ബോധത്തിന്റെ ഭാഗമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. നിയമവിരുദ്ധമായി പ്രിയങ്കയെ അറസ്റ്റ് ചെയ്തത് തന്നെ അസ്വസ്ഥതപ്പെടുത്തുന്നതായും രാഹുല്‍ പറഞ്ഞു.
വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനെത്തിയപ്പോള്‍ പ്രിയങ്ക ഗാന്ധിയെ മിര്‍സാപ്പൂരില്‍ വെച്ച് പോലീസ് തടയുകയായിരുന്നു. ഇതോടെ എസ്പിജി വാഹനത്തില്‍ നിന്ന് ഇറങ്ങി റോഡില്‍ കുത്തിയിരുന്ന പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് പോലീസ് മിര്‍സാപ്പൂരിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.
എന്തിന് തന്നെ പോലീസ് തടഞ്ഞുവെന്ന് വ്യക്തമാക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് പ്രിയങ്കഗാന്ധി വ്യക്തമാക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മിര്‍സാപ്പൂരില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 2011ല്‍ കര്‍ഷകരെ കാണാനെത്തിയ രാഹുല്‍ ഗാന്ധിയെ ഭാട്ടാപ്രസോളില്‍ നിന്ന് യുപി പൊലീസ് അറസ്റ്റ് ചെയ്തതത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.