കൊച്ചി: ആനക്കൊമ്പുകേസില്‍ മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്ന് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി.
നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നാണ് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. ആനക്കൊമ്പു കൈവശം വെച്ചതിന് മോഹന്‍ലാലിനെതിരെ തുടര്‍ നടപടി വേണ്ടെന്നും, സ്വകാര്യ ഹര്‍ജി തള്ളണമെന്നും വനംവകുപ്പ് നല്കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
രഹസ്യ വിവരത്തെ തുടര്‍ന്ന്, കൊച്ചി തേവരയിലെ മോഹന്‍ലാലിന്റെ ഫ്ലാറ്റില്‍ നിന്ന് 2012 ജൂണിലാണ് ആദായനികുതി വകുപ്പ് ആനക്കൊമ്പ് കണ്ടെത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.