കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കെതിരെ നടത്തി വന്ന സത്യാഗ്രഹസമരം എല്‍ഡിഎഫ് അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മൂലമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരക്കാര്‍ പറഞ്ഞു. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും എംഎല്‍എയുമായ വികെ ഇബ്രാഹിംകുഞ്ഞിന്റെ രാജി ആവശ്യപ്പെട്ടാണ് ജൂണ്‍ 26ന് എല്‍ഡിഎഫ് സമരം ആരംഭിച്ചത്.
രാജി മാത്രമല്ല ഇബ്രാഹിംകുഞ്ഞിന്റെ സ്വത്തും കണ്ടുക്കെട്ടണമെന്നായിരുന്നു ഉയര്‍ത്തിയിരുന്ന ആവശ്യം. പാലാരിവട്ടത്തെ ടാക്സി സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് സമരം നടത്തി വന്നത്. മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലം 23-ാം ദിവസം സമരം അവസാനിപ്പിക്കുകയായിരുന്നു.
മേല്‍പാലത്തിന്റെ ബലക്ഷയവും നിര്‍മ്മാണത്തിലെ അഴിമതിയും അടക്കം വാര്‍ത്തകളില്‍ സജീവമായതിന് പിന്നാലെയാണ് എല്‍ഡിഎഫ് സമരം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്. മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഒന്നാംഘട്ട സമരം അവസാനിപ്പിക്കുന്നുവെന്ന് മാത്രമാണ് എല്‍ഡിഎഫിന്റെ വിശദീകരണം.