കണ്ണൂര്‍: ക്യാംപസിലെ എബിവിപിയുടെ കൊടിമരം എടുത്തു മാറ്റിയ സംഭവത്തില്‍ തനിക്ക് പ്രവര്‍ത്തകരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാള്‍ കെ ഫല്ഗുനന്. തനിക്ക് മരണഭയമുണ്ടെന്നും പോലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളേജില്‍ സ്ഥാപിച്ച എബിവിപിയുടെ കൊടിമരം ബുധനാഴ്ചയാണ് പ്രിന്‍സിപ്പാള്‍ എടുത്ത് മാറ്റിയത്. അന്ന് രാത്രി തന്നെ എബിവിപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഇന്ന് എബിവിപിക്കാര്‍ കൊടിമരം വീണ്ടും സ്ഥാപിച്ചുവെന്നും, തന്റെ അനുമതി തേടാതെയാണെന്നും പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുകയാണ്.
കഴിഞ്ഞ ദിവസം സംഘര്‍ഷാവസ്ഥ മുന്നില്‍ കണ്ടാണ് പ്രിന്‍സിപ്പാള്‍ എബിവിപിയുടെ കൊടി ക്യാംപസിന് പുറത്ത് എടുത്ത് ഇട്ടത്. ‘കണ്ണൂരാണ്, ഒരു കനല് വീണാല്‍ മതി’ എന്നും അദ്ദേഹം പറഞ്ഞിരുന്നു. കോളേജില്‍ എസ്എഫ്ഐയും എബിവിപിയും തമ്മില്‍ ഒരു സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. അത് വളര്‍ന്ന് കോളേജില്‍ ക്രമസമാധാന പ്രശ്നം ആവാതിരിക്കാന്‍ ആയിരുന്നു എബിവിപിയുടെ കൊടിമരം പുറത്ത് കളഞ്ഞതെന്ന് അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു.