ഹരിപ്പാട്: ടെസ്റ്റ് പേപ്പര്‍ ഭയന്ന് സ്കൂളില്‍ പോകാതെ ബീച്ചില്‍ കറങ്ങി നടന്ന വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടി. തൃക്കുന്നപ്പുഴ മതുക്കല്‍ ബീച്ചിന് സമീപത്തുനിന്നാണ് വിദ്യാര്‍ത്ഥി പിടിയിലായത്. സ്കൂളിലേക്ക് പോവുകയാണെന്നും പറഞ്ഞ് പതിവു പോലെ വീട്ടില്‍ നിന്നും ബാഗും ഭക്ഷണവുമെല്ലാം എടുത്ത് ഇറങ്ങിയ കുട്ടി ബീച്ചിലെത്തുകയായിരുന്നു.
മുതുകുളം ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ കടല്‍ത്തീരത്ത് ഒറ്റയ്ക്ക് കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തതോടെയാണ് സ്കൂളില്‍ പോകാത്തതിന്റെ കാരണം പുറത്തറിഞ്ഞത്.
വിവരങ്ങള്‍ ചോദിച്ചറിഞ്ഞതിന് ശേഷം പോലീസ് രക്ഷാകര്‍ത്താക്കളെ വിളിച്ചുവരുത്തി കുട്ടിയെ അവരോടൊപ്പം വിട്ടയച്ചു. കഴിഞ്ഞ ആഴ്ച കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിന് ശേഷം ഇവിടെ കോസ്റ്റല്‍ പോലീസ് ശക്തമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.