ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്ന് അടുത്ത അധ്യക്ഷന്‍ ആരാകുമെന്ന അനിശ്ചിതത്വം തുടരവേ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായേക്കുമെന്ന് റിപ്പോര്‍ട്ട്.
നേരത്തെ ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തുള്ളവരെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്ന് രാഹുല്‍ നിര്‍ദേശിച്ചിരുന്നു. നേതൃസ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രിയങ്കയുടേ പേര് പരസ്യമായി ഉന്നയിച്ചിട്ടില്ല. എന്നാല്‍ ചില നേതാക്കള്‍ പ്രിയങ്ക വന്നേക്കുമെന്ന സൂചന നല്കി.
രാഹുലിന്റെ അഭാവത്തില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന വികാരം പാര്‍ട്ടിയ്ക്കുള്ളിലുണ്ടെന്നും അന്തിമതീരുമാനം ഈയാഴ്ച ചേരുന്ന പ്രവര്‍ത്തകസമിതി യോഗത്തോടെ ഉണ്ടായേക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, രാഹുലിന്റെ വാക്ക് മാനിച്ച് പ്രിയങ്ക നേതൃസ്ഥാനത്തേക്ക് വന്നേക്കില്ലെന്നാണ് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.