മുംബൈ: മുംബൈയിലെ ഡോഗ്രിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് വീണ് ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ എട്ടുപേര്‍ ജെജെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
അതേസമയം, കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി മുബൈ പോലീസും ദുരന്ത നിവാരണ സേനയും തെരച്ചില്‍ തുടരുകയാണ്. സൗത്ത് മുംബൈയിലെ ഡോഗ്രിയിലെ നിഷാന്പാടെ തെരുവില്‍ പതിനഞ്ചോളം കുടുംബങ്ങള്‍ താമസിച്ചിരുന്ന നാലുനില കെട്ടിടമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്.
തകര്‍ന്ന കെട്ടിടം അനധികൃതമായി നിര്‍മിച്ചതാണെന്ന് മഹാരാഷ്ട്ര ഹൗസിംഗ് ബോര്‍ഡ് അധികൃതര്‍ സ്ഥിരീകരിച്ചു. ഒഴിഞ്ഞ് പോകാന്‍ ബിഎംസി അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും താമസക്കാര്‍ ഇത് അനുസരിക്കാതിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം കൂട്ടിയത്.
നൂറ് വര്‍ഷം പഴക്കമുള്ള കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്നും കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉത്തരവ് നല്‍കിയിരുന്നുവെന്നും മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് അറിയിച്ചു.