ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഹാജരാകാത്ത മന്ത്രിമാരെ പിടിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോഡി. കൃത്യമായി പാര്‍ലമെന്റില്‍ എത്താത്ത മന്ത്രിമാരുടെ പേരുകള്‍ വൈകുന്നേരത്തിന് മുമ്പ് നല്‍കണമെന്നും അദ്ദേഹം അറിയിച്ചു. ബിജെപിയുടെ പ്രതിവാര പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
പാര്‍ലമെന്റില്‍ കൃത്യമായി ഹാജരായി സഭാനടപടികളില്‍ പങ്കെടുക്കണമെന്നും സഭയിലെ പ്രകടനം നിരീക്ഷിക്കുകയും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും മന്ത്രിമാരെ തീരുമാനിക്കുകയെന്നും അധികാരത്തിലേറ്റ ഉടന്‍ തന്നെ മോഡി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ഇക്കാര്യം ആവര്‍ത്തിക്കുകയും സഭ ചേരുമ്പോള്‍ ഹാജരുണ്ടാകണമെന്ന് അതിനു ശേഷം പാര്‍ട്ടി വിപ്പും നല്കി.
എന്നാല്‍ പിന്നീടും പലരും പാര്‍ലമെന്റില്‍ എത്തിയില്ല. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പാര്‍ലമെന്റില്‍ നിന്നും മുങ്ങുന്ന മന്ത്രിമാരുടെ പേരുകള്‍ അതത് ദിവസം വൈകുന്നേരത്തിന് മുമ്പ് നല്‍കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്രമോഡി നിര്‍ദേശിച്ചത്.
കൂടാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരണമെന്നും കുഷ്ഠരോഗ നിര്‍മാര്‍ജനം, ക്ഷയരോഗ നിര്‍മാര്‍ജനം, ജലസംരക്ഷണം തുടങ്ങിയ മേഖലകളില്‍ സജീവ സാന്നിധ്യമുണ്ടാകണമെന്നും പ്രധാനമന്ത്രി എംപിമാരെ അറിയിച്ചു.