കോഴിക്കോട്: ലുങ്കി ഉടുത്തതിന്റെ പേരില്‍ ഹോട്ടലില്‍ കയറ്റിയില്ലെന്ന് ആരോപിച്ച് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിനെതിരെ മലപ്പുറം സ്വദേശി പരാതി നല്കി. ലുങ്കി ഉടുത്ത് ഹോട്ടലില്‍ എത്തിയതിന് തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയില്‍ ഹോട്ടല്‍ ജീവനക്കാരനെതിരെ പോലീസ് കേസെടുത്തു. സംഭവത്തില്‍ ശക്തമായ പ്രതിഷേധം നടത്താനാണ് സാംസ്കാരിക പ്രവര്‍ത്തകരുടെ തീരുമാനം.
ശനിയാഴ്ച രാത്രി പത്ത് മണിയോടെ കോഴിക്കോട് ബീച്ചിലെ സ്വകാര്യ ഹോട്ടലിലെത്തിയ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ ലുങ്കി ഉടുത്തതിന്റെ പേരില്‍ തടഞ്ഞു വയ്ക്കുകയായിരുന്നെന്ന് മലപ്പുറം ചേലമ്പ്ര സ്വദേശി അബ്ദുള്‍ കരീം പറഞ്ഞു.
പ്രതിഷേധിച്ചപ്പോള്‍ ലുങ്കി അനുവദനീയമല്ലെന്ന് ഹോട്ടല്‍ അധികൃതര്‍ എഴുതി നല്‍കുകയായിരുന്നു. എന്നാല്‍, ഹോട്ടലില്‍ മൂന്നു കൗണ്ടറുകളുണ്ടെന്നും ഇതില്‍ കുടുംബമായി എത്തുന്നവര്‍ക്കുളള കൗണ്ടറില്‍ മാത്രമാണ് ലുങ്കിക്ക് നിയന്ത്രണമെന്നും ഹോട്ടല്‍ മാനേജ്മെന്റ് അറിയിച്ചു.
അതേസമയം, മദ്യപിച്ചെത്തിയ കരീം മുണ്ടുരിയാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തതെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. ലുങ്കിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ ഒരു വിഭാഗം സാംസ്കാരിക പ്രവര്‍ത്തകര്‍ ഹോട്ടലിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.