ബോളിവുഡ് താരവും മുന്‍ മിസ് ഇന്ത്യയുമായ പൂജ ബത്ര വിവാഹിതയായി. മലയാളം, ഹിന്ദി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള നവാബ് ഷായാണ് പൂജയുടെ ഭര്‍ത്താവ്. മുംബൈയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്നും വിവാഹം ഉടന്‍ രജിസ്റ്റര്‍ ചെയ്യുമെന്നും മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
മോഹന്‍ലാല്‍ നായകനായെത്തിയ ‘ചന്ദ്രലേഖ’, മമ്മൂട്ടി-പ്രിയദര്ശന് ചിത്രം ‘മേഘം’, ജയറാം പ്രധാനവേഷത്തിലെത്തിയ ‘ദൈവത്തിന്റെ മകന്’ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കീഴടക്കിയ നടിയാണ് പൂജ ബത്ര. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിലായി തൊണ്ണൂറുകളില്‍ തിളങ്ങിയ നടി കൂടിയാണ് പൂജ.
തങ്ങള്‍ പ്രണയത്തിലാണെന്ന് പൂജ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. ഹിന്ദുമതാചാര പ്രകാരം ഡല്‍ഹിയിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. സൈക്കോളജിക്കല്‍ ത്രില്ലറായ ‘മിറര്‍ ഗെയിം'(2017) എന്ന ചിത്രത്തിലാണ് പൂജ ബത്ര അവസാനമായി അഭിനയിച്ചത്.
നവാബ് ഷാ മലയാളികള്‍ക്കും പരിചിതനാണ്. കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ നവാബ് അഭിനയിച്ചിരുന്നു. ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയവയാണ് താരത്തിന്റെ മറ്റുപ്രധാനചിത്രങ്ങള്‍.
പരമ്പരാഗത രീതിയിലുള്ള വിവാഹ വസ്ത്രം ധരിച്ചുകൊണ്ട് തന്റെ അമ്മയ്ക്കൊപ്പം നില്ക്കുന്ന ഒരു ചിത്രവും പൂജാ ബത്ര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.