പത്തനംതിട്ട: വിവാഹ വാഗ്ദാനം നല്കി പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞയാളെ പോലീസ് പിടികൂടി. അതിസാഹസികമായിട്ടാണ് പോലീസ് ഇയാളെ പിടികൂടിയത്. കല്ലൂപ്പാറ കടമാന്‍കുളം ചാമക്കുന്നില്‍ ബസലേല്‍ സി മാത്യു (പ്രവീണ്‍31) ആണ് അറസ്റ്റിലായത്. പല ജില്ലകളിലായി വാഹന മോഷണമടക്കം വിവിധ കേസുകളിലും ഇയാള്‍ പ്രതിയാണ്.
2018 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വന്തം വീട്ടിലെത്തിച്ചാണ് വിവാഹിതനും 5 മക്കളുടെ പിതാവുമായ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അതേസമയം, സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ തിരുവല്ല പോലീസ് കേസെടുത്തു.
പീഡനത്തിന്റെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിനിടെ ഇയാള്‍ ഒളിവില്‍ പോയി. പിന്നീട് പ്രതിക്കായി തെരച്ചില്‍ തുടരവേയാണ് ഇയാള്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് പ്രവീണ്‍ പെണ്‍കുട്ടിയുമായി കല്ലുപ്പാറക്ക് സമീപം കറുത്തവടശേരിക്കടവിലെത്തി സുഹൃത്തുക്കളുടെ സഹായത്തോടെ ഭാര്യയെ അവിടേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒപ്പം വീട്ടില്‍ നിര്‍ത്താന്‍ ഇയാള്‍ ഭാര്യയെ നിര്‍ബന്ധിച്ചു. വിവരം അറിഞ്ഞ് പോലീസ് എത്തിയപ്പോള്‍ പ്രവീണ്‍ ആറ്റില്‍ ചാടി കടന്നുകളഞ്ഞു.
പിന്നീട് ഇന്നലെ രാവിലെ ഓട്ടോറിക്ഷയുടെ ഡിക്കിയില്‍ കിടന്ന് ചങ്ങനാശേരിയിലേക്ക് പോകുന്നതിനിടെ പോലീസ് വാഹനം പിന്തുടര്ന്ന് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. മോഷണം, ഭവനഭേദനം, വീടിന് തീവെയ്പ്, പിടിച്ചുപറി, പൊതുമുതല്‍ നശിപ്പിക്കല്‍,വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍.