ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകന് നീരജ് ശേഖര്‍ ബിജെപിയില്‍ ചേര്‍ന്നു. രാജ്യസഭ എംപി സ്ഥാനവും സമാജ് വാദി പാര്‍ട്ടി അംഗത്വവും ഇന്നലെ രാജിവച്ച ശേഷമാണ് നീരജ് ശേഖര്‍ ഇന്ന് ബിജെപിയില്‍ അംഗത്വമെടുത്തത്. പാര്‍ട്ടിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുമായി നീരജ് കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ എട്ടാമത്തെ പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിന്റെ മകനാണ് നീരജ് ശേഖര്‍. യുപിയിലെ ബല്ലിയ മണ്ഡലത്തില്‍ നിന്ന് 2007 ലും 2009 ലും നീരജ് ലോക്സഭയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ 2014 ലെ തെരഞ്ഞെടുപ്പില്‍ തോറ്റിരുന്നു. പിന്നീട് സമാജ് വാദി പാര്‍ട്ടി ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുകയായിരുന്നു. രാജിവച്ച ഒഴിവിലേക്ക് യുപിയില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും.
ചന്ദ്രശേഖര്‍ 1990 നവംബര്‍ 10 മുതല്‍ 1991 ജൂണ്‍ 21 വരെ പ്രധാനമന്ത്രിയായിരുന്നു. 1990 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെയാണ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായത്.
ചന്ദ്രശേഖര്‍ ജനതാ ദള്‍ നേതാവായിരുന്നു. 1990 ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജനത ദള്‍ വിട്ടവര്‍ സമാജ് വാദി ജനത ദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചു. അതെസമയം തന്റെ പാര്ട്ടിക്കാരന് അല്ലാതിരുന്നിട്ടും ബല്ലിയ മണ്ഡലത്തില്‍ ചന്ദ്രശേഖറിനെതിരെ ഒരിക്കല്‍ പോലും മുലായം സിംഗ് യാദവ് സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചിരുന്നില്ല.
2007 ല്‍ ചന്ദ്രശേഖറിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകനായ നീരജ് ശേഖറിനെ മുലായം സിംഗ് യാദവ് ബല്ലിയ സീറ്റില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു.