ഉന്നാവോ: ജയ് ശ്രീ റാം വിളിക്കാത്തതിന്റെ പേരില്‍ മദ്രസ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചീറ്റ് നല്കി ഉന്നാവോ പോലീസ്. ഇതേ തുടര്‍ന്ന് എഫ്ഐആറില്‍ പേരു ചേര്‍ക്കപ്പെട്ട ഇവരെ വെറുതെ വിട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആക്രമണം നടന്ന സമയം ഇവര്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം അക്രമികളെന്ന് സംശയിക്കുന്ന മറ്റ് ചിലരുടെ പേരുകള്‍ പോലീസ് പുറത്തുവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉന്നാവോയിലെ സാദര്‍ മേഖലയിലെ ദാറുല്‍ ഉലൂം ഫയിസേ ആം മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കഴിഞ്ഞ ദിവസം ക്രൂരമര്‍ദ്ദനമേറ്റത്.
ക്രിക്കറ്റ് ബാറ്റുപയോഗിച്ചായിരുന്നു മര്‍ദ്ദനം. എന്നാല്‍ മദ്രസ വിദ്യാര്‍ത്ഥികളോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സംഭവത്തില്‍ തെളിവുകളില്ലെന്നും പറഞ്ഞ് പ്രവര്‍ത്തകര്‍ക്ക് ക്ലീന്‍ ചീറ്റ് നല്കി വിടുകയായിരുന്നു.