മൊഗാദിഷു: സൊമാലിയയിലെ പ്രമുഖ ഹോട്ടലില്‍ ഉണ്ടായ ചാവേറാക്രമണത്തില്‍ വിദേശികളുള്‍പ്പെടെ 26 പേര് കൊല്ലപ്പെട്ടു. 59 പേര്‍ക്ക് പരിക്കേറ്റു. സ്വദേശികള്‍ക്ക് പുറമേ കെനിയ, ടാന്‍സാനിയ, അമേരിക്ക, ബ്രിട്ടണ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
തെക്കന്‍ സൊമാലിയയിലെ കിസ്മായോ നഗരത്തിലുള്ള അസാസേ ഹോട്ടലിലാണ് ആക്രമണമുണ്ടായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഹോട്ടലിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു.
സൊമാലിയയില്‍ നടക്കാനിരിക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയ, ഗോത്രനേതാക്കള്‍ ഹോട്ടലില്‍ ചര്‍ച്ച നടത്തുന്നതിനിടെയായിരുന്നു ആക്രമണം. പോലീസ് യൂണിഫോം ധരിച്ചാണ് ആക്രമികള്‍ എത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഹോട്ടലിനുള്ളിലുണ്ടായിരുന്നവരെ 12 മണിക്കൂറോളം ഭീകരര്‍ ബന്ദിയാക്കി. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ അല്‍-ഷബാബ് ഏറ്റെടുത്തു.