സൂറത്ത്: പണം ആവശ്യപ്പെട്ടിട്ട് നല്‍കാതിരുന്ന ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ റാന്‍ഡര്‍ സോണല്‍ ഓഫീസില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഒരു വര്‍ഷമായി ജോലി ഇല്ലാതെ കഴിയുന്ന അശോക് മോറെ എന്ന യുവാവ് ആണ് മുനിസിപ്പല്‍ കോര്പ്പറേഷന് ജീവനക്കാരി കൂടിയായ ഭാര്യ ആരതി മോറെയെ കുത്തി പരിക്കേല്‍പ്പിച്ചത്. ആരതിയുടെ ഓഫീസില്‍ എത്തിയാണ് ആക്രമിച്ചത്.
ജോലി നഷ്ടപ്പെട്ടത് മുതല്‍ അശോക് മോറെ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതേ തുടര്‍ന്ന് ഇരുവരും അകന്നാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ യുവാവ് ആരതിയോട് പണം ചോദിച്ചെങ്കിലും കിട്ടിയില്ല. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെ സീറ്റിനടിയില്‍ നിന്നും എന്തോ എടുക്കാനായി കുനിഞ്ഞ ആരതിയെ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിന് മുറിക്കുകയായിരുന്നു.
ശേഷം ആരതിയുടെ ഇരു കൈക്കുഴകളിലും കത്തി ഉപയോഗിച്ച് ഇയാള്‍ മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്തു. ആരതിയുടെ കൊല്ലാന്‍ ശ്രമിച്ചതിനു ശേഷം യുവാവ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. സഹപ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആരതിയെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതിയെ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു.