കോലാര്‍: ടിക് ടോക്കില്‍ വീഡിയോ പകര്‍ത്തുന്നതിനിടെ 20 വയസ്സുകാരി കുളത്തില്‍ മുങ്ങിമരിച്ചു. കര്‍ണാടകത്തിലെ കോലാര്‍ ജില്ലയിലാണ് സംഭവം. അവസാന വര്‍ഷ ബിഎ പരീക്ഷയെഴുതിയ ഫലം കാത്തിരിക്കുന്ന മാല എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.
യുവതിയുടെ മൃതദേഹം കണ്ടെത്തിയ ഉടന്‍ ബന്ധുക്കള്‍ ഇക്കാര്യം പോലീസിനെ അറിയിക്കാതെ സംസ്കരിച്ചു. പിന്നാലെ പോലീസെത്തി മൃതദേഹം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടത്തിന് വിട്ടു.
ഏതാണ്ട് 30 അടി വീതിയും 30 അടി നീളവും 30 അടി ആഴവും ഉള്ളതാണ് കുളം. ഇതിന് ആള്‍മറയുണ്ടായിരുന്നില്ല. അതേസമയം, യുവതി ടിക് ടോക്ക് വീഡിയോ എടുക്കാന്‍ ഉപയോഗിച്ചുവെന്ന് കരുതുന്ന മൊബൈല്‍ ഫോണ്‍ കുളത്തില്‍ നിന്ന് കണ്ടെത്താനായില്ല.
മകള്‍ കാലിത്തീറ്റ വാങ്ങാന്‍ പോയതാണെന്നും അബദ്ധത്തില്‍ കുളത്തില്‍ വീണ് മരിച്ചതാകുമെന്നുമാണ് അച്ഛന് പോലീസിന് നല്കിയ മൊഴി. എന്നാല്‍ ഒരു സിനിമ രംഗം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി കുളത്തിലേക്ക് വീണ് മരിച്ചതെന്നാണ് പോലീസ് ഭാഷ്യം.