തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങി നഗരസഭ. അഞ്ചര കോടി ചെലവിട്ട് 191 ക്യാമറകള്‍ സ്ഥാപിക്കാനാണ് തൃശ്ശൂര്‍ നഗരസഭയുടെ തീരുമാനം. നഗരത്തിലെ 56 ഇടങ്ങളിലാണ് ക്യാമറകള്‍ സ്ഥാപിക്കുക.
നഗരസഭയുടെ പരിധിയിലുളള എല്ലാ പ്രദേശങ്ങളും ക്യാമറ നിരീക്ഷണത്തിലാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് ഏത് കമ്പനിക്കാണ് കരാര്‍ നല്‍കേണ്ടതെന്ന് ആലോചിക്കാന്‍ മന്ത്രിമാരായ എസി മൊയ്തീന്റെയും വിഎസ് സുനില്‍ കുമാറിന്റെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നിരുന്നു.
പദ്ധതി ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ച കമ്പനികളുടെ സിസിടിവി ക്യാമറ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തി കരാര്‍ ഏല്‍പ്പിക്കുമെന്ന് യോഗത്തില്‍ തീരുമാനമാനിച്ചതായി മേയര്‍ അജിത വിജയന് പറഞ്ഞു.
ഒരു മാസത്തിനകം നഗരത്തില്‍ ക്യാമറകള്‍ സ്ഥാപിക്കും. സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും പണം സ്വരൂപിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. സിസിടിവി ദൃശ്യങ്ങള്‍ പോലീസിനും ലഭ്യമാകുന്ന രീതിയിലാണ് ക്രമീകരിക്കുക. കുറ്റകൃത്യങ്ങള്‍ തടയാന്‍ ഒരു പരിധി വരെ ഈ പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പോലീസും അറിയിച്ചു.