കൊച്ചി: ബാലഭാസ്കറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ബാലഭാസ്കറിന്റെയും മകളുടേയും മരണത്തിനിടയാക്കിയ അപകടം ആസൂത്രിതമാണെന്നും കുറ്റക്കാരെ കണ്ടെത്താന്‍ ഫലപ്രദമായ അന്വേഷണം വേണമെന്നും ആണ് തുടക്കം മുതല്‍ കുടുംബം ആവശ്യപ്പെടുന്നത്.
ബാലഭാസ്കറിന്റെ അച്ഛന് കെസി ഉണ്ണി കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. കേസന്വേഷണത്തിന് ഹൈക്കോടതി നേരിട്ട് മേല്‍നോട്ടം നല്‍കണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. ഇതിന്റെ സാധ്യതകള്‍ തേടിയാണ് അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് വിവരം.
മകന്റെ മരണത്തില്‍ ചില സംശയങ്ങള്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ടെന്ന് ബാലഭാസ്കറിന്റെ അച്ഛന് പറഞ്ഞു. ക്രൈംബ്രാഞ്ചിന് ഉത്തരം കണ്ടെത്താനായില്ലെങ്കില്‍ കോടതിയെ സമീപിക്കും. റിപ്പോര്‍ട്ട് വന്ന ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും അഭിഭാഷകനുമായി സംസാരിച്ചെന്നും കെസി ഉണ്ണി പറഞ്ഞു.