ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം എംഎസ് ധോണി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് പാസ്വാന്. നരേന്ദ്ര മോഡിയുടെ ടീമിനൊപ്പമാവും ധോണിയുടെ പുതിയ ഇന്നിങ്സ് എന്ന് സഞ്ജയ് പാസ്വാന് പറഞ്ഞു.
ധോണി എന്റെ സുഹൃത്താണ്, ലോക പ്രശ്സതനാണ്. ധോണിയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഏറെ നാളായി നടക്കുന്നു. എന്നാല്‍, ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷമാവും രാഷ്ട്രീയ പ്രവേശനത്തില്‍ തീരുമാനമാവുക- സഞ്ജയ് പാസ്വാന് പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യ തോറ്റ് പുറത്തായതിന് പിന്നാലെ ധോണി വിരമിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെയാണ് ധോണി ഉടന്‍ ബിജെപിയില്‍ എത്തുമെന്ന സൂചന വരുന്നത്. ധോണിയും, ഗംഭീറും ബിജെപിയില്‍ ചേരുമെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ബിജെപിയിലേത്തി ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചു. അതേ വഴിയെ ധോണിയും ഇറങ്ങുകയാണെങ്കില്‍ ജാര്‍ഖണ്ഡിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ധോണിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഇറക്കിയേക്കുമെന്നാണ് സൂചനകള്‍.
ഈ വര്‍ഷം അവസാനമാണ് ധോണിയുടെ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നത്.